സംസ്ഥാനത്ത് സി.എൻ.ജി വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് 1 രൂപ 50 പൈസയാണ് ഇന്ന് മുതൽ കൂട്ടിയത്. ഇതോടെ കേരളത്തിൽ ഒരു കിലോ സി.എൻ.ജിയുടെ വില 101 രൂപയായി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് നേരത്തെയും സി.എൻ.ജി വില പലതവണ വർധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സാധാരണക്കാർക്ക് വീണ്ടും വിലക്കയറ്റത്തിന്റെ തിരിച്ചടി.
പെട്രോൾ, ഡീസൽ വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ സി.എൻ.ജി വാഹനങ്ങളിലേക്ക് മാറിയ സ്വകാര്യ-വാണിജ്യ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പുതിയ വർധനവ് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
ജൂലൈ 20-ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ രാജ്യത്ത് ഇന്ധനവില കുറയ്ക്കുമെന്ന പ്രതീക്ഷകൾ ഉയർന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലെത്തിയപ്പോൾ രാജ്യത്ത് ഇന്ധനവില ഗണ്യമായി വർധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് എണ്ണവില ബാരലിന് 70 ഡോളറിന് താഴെയെത്തിയിട്ടും അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടില്ലെന്ന വിമർശനം ശക്തമാണ്. ഇന്ധനവില കുറയ്ക്കാൻ കമ്പനികൾ തയ്യാറാകാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്.




