തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനി മുതൽ ബിൽ അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ സേവനം ലഭ്യമാകൂ എന്ന് കെ-ഫോൺ അറിയിച്ചു.
ഇത് സംബന്ധിച്ച അറിയിപ്പ് കെ-ഫോൺ വിദ്യാഭ്യാസ വകുപ്പിന് ഇ-മെയിൽ വഴി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ആറായിരത്തോളം സ്കൂളുകളിലാണ് നിലവിൽ കെ-ഫോൺ സേവനം ലഭിച്ചിരുന്നത്. ഇനി ഒരു സർക്കാർ ഓഫീസിനും സൗജന്യ ഇന്റർനെറ്റ് സേവനം നൽകില്ലെന്നും കെ-ഫോൺ വ്യക്തമാക്കി.
കെ-ഫോൺ സേവനം ആവശ്യമുള്ള സ്കൂളുകൾ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 2018 മുതലാണ് സംസ്ഥാനത്ത് കെ-ഫോൺ സേവനം ലഭിച്ചു തുടങ്ങിയത്.
സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച പദ്ധതിയാണ് കെ-ഫോൺ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.
ഐ.ടി. വകുപ്പിന് കീഴിൽ കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്ലും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഐ.ടി. പാർക്കുകൾ തുടങ്ങിയവ കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചിരുന്നു.




