തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ പ്രതികരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ എം സ്വരാജ്. വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതായിരുന്നു വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്ക്കരുതെന്ന് സ്വരാജ് പ്രതികരിച്ചു.
വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ വി സുധാകരന്‍ എഴുതിയ ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന അനുസ്മരണ ലേഖനം ഉള്‍പ്പെടുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അച്ചടിച്ച ശേഷം പുറത്തിറങ്ങാതിരുന്നത്. ഇതിന് പിന്നാലെ, പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന്‍ എന്ന ആളെ കുറിച്ചുള്ള ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടിലെ ഫീച്ചറാണ് പത്രം മാറ്റിവെക്കാൻ കാരണമെന്ന രീതിയിൽ അനൗദ്യോഗിക വിശദീകരണങ്ങൾ വന്നിരുന്നു. ഇതാണ് സ്വരാജ് നിഷേധിച്ചത്.
പൊതിച്ചോറ് വിവാദത്തിലും എം സ്വരാജ് പ്രതികരിക്കുകയുണ്ടായി. ദയവായി പാവപ്പെട്ടവരുടെ അന്നം മുടക്കരുതെന്ന അഭ്യര്‍ത്ഥന മാത്രമാണ് ആരോഗ്യമന്ത്രിയോടുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പല സന്നദ്ധ സംഘടനകളും ആശുപത്രികളില്‍ പല സേവനങ്ങളും ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി അതൊന്നും ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്നം മുടക്കിയ സര്‍ക്കാര്‍ എന്ന പേരുദോഷം ഉണ്ടാക്കരുത്. എപ്പോഴും കൊടിയും തോരണങ്ങളും കെട്ടിയല്ല പൊതിച്ചോര്‍ കൊടുക്കുന്നത്. ചില പ്രത്യേക ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മാത്രമാണ് ബാനര്‍ വെക്കാറുള്ളതെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.




