ഡൽഹി: മിനിമം ബാലൻസ് പരിധി കുത്തനെ ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഈ മാസം ആദ്യം മുതൽ സേവിംഗ്‌സ് അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മെട്രോ, നഗര പ്രദേശങ്ങളിൽ 50,000 രൂപയും അർധ നഗര പ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമീണ മേഖലകളിൽ 10,000 രൂപയും മിനിമം ശരാശരി ബാലൻസ് നിർബന്ധമാക്കി. ബാങ്കിന്റെ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്.
മിനിമം ബാലൻസിന് താഴെപ്പോയാൽ ബാങ്ക് പിഴ ഈടാക്കും. ഐസിഐസിഐ ബാങ്കിൽ ആവശ്യമായ മിനിമം ബാലൻസിൽ കുറവുള്ള തുകയുടെ ആറു ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.
പണമിടപാടുകൾക്കുള്ള സർവീസ് ചാർജും ബാങ്ക് വർധിപ്പിച്ചിട്ടുണ്ട്. ബാങ്ക് വഴിയോ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയോയുള്ള മൂന്ന് ഇടപാടിന് ശേഷം 150 രൂപ സർവീസ് ചാർജ് ഈടാക്കും. പണം പിൻവലിക്കലിനും ഇതേ നിരക്ക് ബാധകമാണ്. നോൺ ബാങ്ക് സമയങ്ങളിലോ അവധി ദിവസത്തിലോ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നവർ മാസത്തിൽ 10,000 രൂപ കടന്നാൽ ഓരോ ഇടപാടിനും 50 രൂപ ഫീസ് നൽകണം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020 മുതൽ സേവിങ്സ് അക്കൗണ്ടിലെ മിനിമംബാലൻസ് നിബന്ധന പിൻവലിച്ചിരുന്നു. അതേസമയം സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന കനറാ ബാങ്ക്, പഞ്ചാബ്, ബാങ്ക് ഓഫ് ബറോഡ്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഒഴിവാക്കിയിരുന്നു.




