കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ലുകളും ഹെഡ്‌ലൈറ്റും അടിച്ചുതകർത്ത യുവാവ് പിടിയിൽ. പുൽപ്പള്ളി സ്വദേശി ഷൈജലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃശൂരിൽ നിന്ന് മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബസിന് വേഗത പോരെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരനായ ഷൈജൽ ആക്രമണം നടത്തിയത്.
താമരശ്ശേരി ചുരം രണ്ടാം വളവിൽ വെച്ച് ബസിന്റെ മുൻവശത്തെ ചില്ലും വലതുവശത്തെ ചില്ലും ഹെഡ്‌ലൈറ്റും പ്രതി അടിച്ചുതകർത്തു.
സംഭവത്തിനിടെ കെഎസ്ആർടിസി ഡ്രൈവർക്കും പ്രതിക്കും പരിക്കേറ്റു. ബസിലെയും മറ്റ് വാഹനങ്ങളിലെയും യാത്രക്കാർ ചേർന്ന് പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.




