ലണ്ടൻ: കഴിഞ്ഞ സീസണിലെ ലോക ഫുട്ബോളിലെ മികച്ച പുരുഷ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ സ്വന്തമാക്കി. മികച്ച വനിത താരമായി സ്പെയിനിന്റെ അലക്സിയ പ്യുട്ടയാസും തെരഞ്ഞെടുക്കപ്പെട്ടു. ബാഴ്‌സലോണയ്ക്കായി നടത്തിയ മികച്ച പ്രകടനമാണ് പ്യുട്ടയാസിനെ പുരസ്കാരത്തിന് അർഹയാക്കിയത്.
മികച്ച യുവ പുരുഷ താരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിൽ താഴെയുള്ള താരങ്ങൾക്ക് നൽകുന്ന പുരസ്കാരത്തിന് തുടർച്ചയായ മൂന്നാം തവണയാണ് യമാൽ അർഹനായത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് നേടി. 2025ലും ഈ പുരസ്കാരം വിക്കി ലോപ്പസിനായിരുന്നു.
സ്പെയിൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിത പരിശീലകനുള്ള പുരസ്കാരം പെരെ റോമിയു സ്വന്തമാക്കി. സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോൻ മികച്ച പുരുഷ ഗോൾകീപ്പറായപ്പോൾ സ്പെയിൻ വനിതാ ടീമിന്റെ ഗോൾകീപ്പർ കാറ്റലീന തോമസ് മികച്ച വനിത ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) മികച്ച ക്ലബ്ബിനുള്ള പുരസ്കാരം നേടി. വനിത വിഭാഗത്തിൽ ബാഴ്‌സലോണയാണ് ജേതാക്കൾ. മികച്ച പുരുഷ സ്ട്രൈക്കറായി ഹാരി കെയ്ൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വനിത വിഭാഗത്തിൽ മെക്സിക്കൻ താരം വെറോണിക്ക ചാർലിൻ കോറലും പുരസ്കാരത്തിന് അർഹയായി.
ലണ്ടനിൽ ഇന്ത്യൻ സമയം പുലർച്ചെയായിരുന്നു പുരസ്കാരദാനച്ചടങ്ങ്. ബാലൺ ഡി ഓർ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് പുറത്താണ് ഇത്തവണ ചടങ്ങ് സംഘടിപ്പിച്ചത്. ലണ്ടനിലെ പ്രശസ്തമായ പാലാഡിയം തിയേറ്ററായിരുന്നു വേദി. 1956ൽ ആദ്യ ബാലൺ ഡി ഓർ നേടിയ ഇംഗ്ലീഷ് ഇതിഹാസം സർ സ്റ്റാൻലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്.
പുരുഷ, വനിത വിഭാഗങ്ങളിലെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾക്കു പുറമേ മികച്ച യുവതാരങ്ങൾക്കുള്ള കോപ്പ ട്രോഫി, മികച്ച ഗോൾകീപ്പർമാർക്കുള്ള യാഷിൻ ട്രോഫി, മികച്ച പരിശീലകർ, ക്ലബ്ബുകൾ, സ്ട്രൈക്കർമാർ എന്നിവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിക്കുന്ന സോക്രട്ടീസ് അവാർഡ് ഉൾപ്പെടെ ആകെ 13 പുരസ്കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്.




