ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽനിന്ന് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷമാണ് ഇവർ ജയിൽ ചാടിയത്. രക്ഷപ്പെട്ടവരിൽ ഒരാളെ ജയിലിന് സമീപത്തെ വനമേഖലയിൽനിന്ന് പോലീസ് പിടികൂടി. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി.
ജയിൽ ചാടിയവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ ജാഗ്രത ശക്തമാക്കി. ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.
ഒരു സെല്ലിൽ കഴിഞ്ഞിരുന്ന 17 പേരാണ് രക്ഷപ്പെട്ടത്. പ്രതികളിലൊരാൾക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് നാല് സുരക്ഷാ ജീവനക്കാർ സെല്ലിനുള്ളിൽ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ തങ്കപാണ്ടി എന്ന പോലീസുകാരന് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും വില്ലുപുരം ജില്ലയിൽനിന്നുള്ളവരാണെന്നാണ് വിവരം. ഇവരുടെ ചിത്രങ്ങളും വിവരങ്ങളും സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്.
17 സംഘങ്ങളായാണ് തിരച്ചിൽ പുരോഗമിക്കുന്നതെന്ന് തമിഴ്‌നാട് സൗത്ത് സോൺ ഐ.ജി. വിജയേന്ദ്ര ബിദാരി അറിയിച്ചു. ജയിലിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള വർഷനാട് വനമേഖലയിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. രക്ഷപ്പെട്ടവർക്കെതിരെ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്നാണ് വിവരം. പ്രതികളെ ഉടൻ പിടികൂടാനുള്ള നടപടികൾ തുടരുകയാണെന്നും അതിർത്തികളിൽ പരിശോധന ശക്തമാക്കിയതായും പോലീസ് അറിയിച്ചു.




