റിയാദ്: സൗദി അറേബ്യയിലെ മക്ക മേഖലയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ച് തകർത്തതായി സൗദി അധികൃതർ. മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് സംഘം സുരക്ഷാ നടപടികൾ സ്വീകരിച്ചു. അവശിഷ്ടങ്ങളിൽ ചിലത് സബൂഹ ഗ്രാമത്തിലാണ് പതിച്ചത്.
ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണശ്രമം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് സുരക്ഷാ-ദുരന്തനിവാരണ വിഭാഗങ്ങൾ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു.
ഇതിനിടെ, സൗദിയിലെ മദീന പ്രവിശ്യയിലുള്ള പ്രധാന എണ്ണക്കടത്തു പാതയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിനു നേരെയും ആക്രമണശ്രമം ഉണ്ടായതായി ഊർജ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ചയുണ്ടായ ആക്രമണത്തെത്തുടർന്ന് പൈപ്പ്‌ലൈനിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായി. അടിയന്തര കർമസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാൽ പൈപ്പ്‌ലൈനിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും എണ്ണവിതരണം സാധാരണ നിലയിൽ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. സാങ്കേതിക വിദഗ്ധരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുണ്ടായ ആക്രമണശ്രമത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.




