സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വെച്ചെന്ന കേസിൽ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയിൽ. വയനാട് അയ്യൻകൊല്ലി സ്വദേശിനി ഫിലോമിനയെയാണ് ജിദ്ദ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടിൽനിന്ന് സൗദിയിലേക്ക് എത്തിയ ഫിലോമിനയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി കുടുംബം പരാതി നൽകിയിരുന്നു.
വിമാനത്താവളത്തിൽ ഫിലോമിനയുടെ പാസ്പോർട്ടും മറ്റ് രേഖകളും പിടിച്ചുവെച്ചതിനെത്തുടർന്ന് കുടുംബം ആശങ്കയിലായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
നിരോധിത മരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാൽ, ഏത് മരുന്നാണ് പിടിച്ചെടുത്തതെന്നോ കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പൂർത്തിയായശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കുറ്റമില്ലെന്ന് കണ്ടെത്തിയാൽ വിട്ടയക്കുമെന്നും അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്.




