ചെന്നൈയിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ കൃഷ്ണനദിയിൽനിന്ന് കൂടുതൽ വെള്ളം ലഭ്യമാക്കാൻ തമിഴ്നാടും ആന്ധ്രാപ്രദേശും തമ്മിൽ ധാരണയായതായി റിപ്പോർട്ടുകൾ. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും വിജയവാഡയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ജലവിഹിതം സംബന്ധിച്ച് ചർച്ച നടത്തിയത്.
തെലുഗു ഗംഗാ പദ്ധതി പ്രകാരം തമിഴ്നാടിന് ലഭിക്കേണ്ട കൃഷ്ണനദീജലത്തിൽ കുറവുണ്ടായതിനെത്തുടർന്നാണ് വിജയ് കൂടുതൽ വെള്ളം ആവശ്യപ്പെട്ടത്. ഈ മാസം തന്നെ രണ്ട് ടി.എം.സി അടി വെള്ളം വിട്ടുനൽകണമെന്നായിരുന്നു ആവശ്യം. പ്രതിവർഷം അനുവദിച്ച 12 ടി.എം.സി അടി വെള്ളത്തിൽ 2.251 ടി.എം.സി അടി മാത്രമാണ് തമിഴ്നാടിന് ലഭിച്ചതെന്നാണ് കണക്ക്. ഇതോടെ ചെന്നൈയിലെ ജലസംഭരണികളിലെ ജലശേഖരം 34 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
കൃഷ്ണനദിയിലെ നീരൊഴുക്ക് കുറഞ്ഞത് ജലവിതരണത്തെ ബാധിക്കുന്നുണ്ടെങ്കിലും ചെന്നൈയുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. തെലുഗു ഗംഗാ പദ്ധതി പ്രകാരം ജൂലൈ മുതൽ ഒക്ടോബർ വരെ എട്ട് ടി.എം.സി അടി വെള്ളവും ജനുവരി മുതൽ ഏപ്രിൽ വരെ നാല് ടി.എം.സി അടി വെള്ളവും തമിഴ്നാടിന് ലഭിക്കേണ്ടതുണ്ട്.
ഗോദാവരി, കൃഷ്ണ, കാവേരി നദികളെ ബന്ധിപ്പിക്കുന്ന പദ്ധതിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. നദീസംയോജന പദ്ധതി കേന്ദ്രസർക്കാർ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് നായിഡു ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയുടെ ആദ്യ അയൽസംസ്ഥാന സന്ദർശനത്തിൽ ജലവിഹിതവും നദീസംയോജനവുമാണ് പ്രധാന ചർച്ചാവിഷയങ്ങളായത്.




