ലുധിയാന: പഞ്ചാബിലെ വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രം ഉൾപ്പെട്ടത് വിവാദത്തിൽ. ലുധിയാന ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ അമൻ കുമാറിന്റെ പേരിനൊപ്പമാണ് ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം കണ്ടെത്തിയത്. സംഭവം പുറത്തുവന്നതോടെ വോട്ടർ പട്ടികയിലെ പിഴവിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
മണ്ഡലത്തിലെ 38-ാം ഭാഗത്ത് 422-ാം സീരിയൽ നമ്പറിലായിരുന്നു ചിത്രം ഉൾപ്പെട്ടിരുന്നത്. കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് രാജ വാറിംഗ് ചിത്രം പുറത്തുവിട്ട് വോട്ടർ പട്ടികയിലെ പിഴവുകളെ വിമർശിച്ചു.
വിമർശനം ശക്തമായതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. തെറ്റായ ചിത്രം ഓഗസ്റ്റ് 13-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നുവെന്നും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ എസ്.ഐ.ആർ നടപടിയിലൂടെ പിഴവ് തിരുത്തിയെന്നുമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.
ഭഗത് സിംഗിന്റെ ചിത്രം അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ ആനന്ദിത മിത്രയും വ്യക്തമാക്കി. 117 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.
വോട്ടർ പട്ടികയുടെ കൃത്യതയെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് പഞ്ചാബിലെ സംഭവം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.




