സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്ലറ്റിക്സ് മീറ്റും ഒരേ സമയത്തായതോടെ കേരളത്തിലെ കൗമാര താരങ്ങൾ ആശങ്കയിൽ. ദേശീയ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്. മത്സരങ്ങളുടെ തീയതി ഒരു ദിവസം നീട്ടിവെക്കണമെന്നാണ് താരങ്ങളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
41-ാമത് ജൂനിയർ ദേശീയ മീറ്റ് ഈ മാസം 23 മുതൽ 27 വരെ ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. 68-ാമത് സംസ്ഥാന സ്കൂൾ കായികമേള 25 മുതൽ 31 വരെ കോഴിക്കോടാണ്. ദേശീയ മീറ്റിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സംസ്ഥാന സ്കൂൾ കായികമേളയിലെ ട്രാക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
കേരളത്തിൽനിന്ന് 120-ലധികം ജൂനിയർ താരങ്ങളാണ് ദേശീയ മീറ്റിൽ പങ്കെടുക്കുന്നത്. കായിക-വിദ്യാഭ്യാസ മന്ത്രിമാർ അടിയന്തരമായി ഇടപെട്ട് മത്സരങ്ങളുടെ തീയതിയിൽ മാറ്റം വരുത്തണമെന്നാണ് താരങ്ങളും മാതാപിതാക്കളും ആവശ്യപ്പെടുന്നത്. അസോസിയേഷനും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുട്ടികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കരുതെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.




