കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ ദിവസമാണ് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവത്തിന് പിന്നാലെ സംശയം തോന്നിയ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ പ്രായം സംബന്ധിച്ച വിവരം വ്യക്തമായത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസിന്റെ നിർദേശപ്രകാരം ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 17കാരനായ ആൺകുട്ടിക്കെതിരെയാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ ആൺകുട്ടിക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




