ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17കാരിക്ക് ഗുരുതര വൃക്കരോഗം. ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തി. ഓൺലൈൻ വഴി വാങ്ങിയ ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെൺകുട്ടിയും കുടുംബവും.
മുഖക്കുരുവും മുഖത്തെ കരുവാളിപ്പും മാറ്റി സൗന്ദര്യം വർധിപ്പിക്കുമെന്ന കമ്പനിയുടെ പരസ്യവാഗ്ദാനമാണ് പെൺകുട്ടിയെ ക്രീം വാങ്ങാൻ പ്രേരിപ്പിച്ചത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ടാണ് ഓൺലൈനായി ക്രീം ഓർഡർ ചെയ്തത്. 15 ദിവസം കൊണ്ട് മുഖകാന്തി വർധിപ്പിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രധാന അവകാശവാദം. നൈറ്റ് ക്രീമായി ഉപയോഗിച്ചിരുന്ന ഉൽപ്പന്നത്തിന്റെ ആദ്യ ബോട്ടിൽ ഫലപ്രദമാണെന്ന് തോന്നിയതോടെ ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകൾ ഉപയോഗിച്ചു.
എന്നാൽ തുടർന്നാണ് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. വിശദമായ പരിശോധനയിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും അപകടകരമായ അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തി. ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായി.
മെർക്കുറി ശരീരത്തിലെത്തുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കാം. വൃക്കകളിലെ അരിപ്പകളെ തകരാറിലാക്കി മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് കമ്പനിയെ അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ക്രീമിന്റെ കമ്പനിയുടെ പേര് പരസ്യപ്പെടുത്താൻ കുടുംബം തയ്യാറായിട്ടില്ല.
സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഓൺലൈൻ പരസ്യങ്ങളും അവയിലെ അവകാശവാദങ്ങളും എത്രത്തോളം സുരക്ഷിതമാണെന്ന ഗൗരവമായ ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്.




