വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത പരിശോധിക്കാൻ കേരള സർക്കാർ. സംസ്ഥാനത്ത് ആണവ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് സർക്കാർ പരിഗണിക്കുന്നത്. 15-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയിലാണ് ഇതുസംബന്ധിച്ച നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിനും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുമാണ് ആണവ വൈദ്യുതിയുടെ സാധ്യത പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
എന്നാൽ റിയാക്ടറുകൾ എവിടെയൊക്കെ സ്ഥാപിക്കണമെന്ന കാര്യത്തിൽ വിശദമായ പരിശോധനകൾ ആവശ്യമാണ്. സ്ഥലത്തിന്റെ അനുയോജ്യതയും മറ്റ് സാങ്കേതിക സാധ്യതകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തും.
ആണവ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതിയും ആവശ്യമാണ്. അതിനാൽ കേന്ദ്രത്തിന്റെ അനുമതി ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പദ്ധതിയുമായി മുന്നോട്ടുപോകുക.
ആണവ വൈദ്യുതി ഉൽപ്പാദനത്തിലൂടെ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനുള്ള പുതിയ സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. പദ്ധതി പ്രാവർത്തികമായാൽ കേരളത്തിന്റെ ഊർജമേഖലയിൽ പുതിയൊരു അധ്യായത്തിന് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.




