കണ്ണൂർ: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോക്ടർ ഇർഷാദ് എച്ച്.എ., തലശ്ശേരി വടക്കുമ്പാട് സ്വദേശി ഡോക്ടർ സിദ്ധാർത്ഥ് സി.പി. എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പായ താർ വാഹനത്തിലുമായി സൂക്ഷിച്ചിരുന്ന 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അറസ്റ്റിലായവരിൽ ഒരാൾ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പി.ജി. മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുമാണ്. ചോദ്യം ചെയ്യലിൽ എംഡിഎംഎ ബംഗളൂരുവിൽ നിന്നാണ് വാങ്ങിയതെന്ന് ഇവർ മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി. ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. അഭിജിത്, സി.വി. റിജുൻ, കെ.കെ. രാഗിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മട്ടന്നൂർ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ തുടർനടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.




