മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. നിർണായക വിവരങ്ങൾ അടങ്ങിയേക്കാവുന്ന ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും, പരിശോധിക്കാതെ കുടുംബത്തിന് തിരികെ നൽകിയെന്നുമാണ് പരാതി.
ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ അരീക്കോട് പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഫോൺ കുടുംബത്തിന് കൈമാറിയെന്നാണ് ബന്ധുക്കൾ പറയുന്നത്. പാറ്റേൺ ലോക്കിലുള്ള ഫോൺ തുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധു സക്കീർ വ്യക്തമാക്കി. ഫോണിൽ ഇതുവരെ പുറത്തുവരാത്ത തെളിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കുടുംബം പറയുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ആത്മഹത്യാ പ്രേരണ സംബന്ധിച്ച് ഇതുവരെ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം, ഷൗക്കത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നാണ് ആരോപണം.
ആദ്യഘട്ടത്തിൽ ഏജന്റ് മുഖേന ഫിറ്റ്നസ് ലഭിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക്, പിന്നീട് നേരിട്ട് അപേക്ഷ നൽകിയപ്പോഴാണ് ഫിറ്റ്നസ് നിഷേധിച്ചതെന്നും നാട്ടുകാർ പറയുന്നു. വാഹനത്തിൽ മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ ഉണ്ടായിരുന്നില്ലെന്നും സ്റ്റീൽ കമ്പികൾ മാത്രമാണ് വാഹനത്തിലുള്ളതെന്നുമാണ് നാട്ടുകാരുടെ വാദം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് നിരവധി തവണ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ എത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഏജന്റുമാരുടെ ഇടപെടലില്ലാതെ ഫിറ്റ്നസ് നടപടികൾ മുന്നോട്ടുപോകില്ലെന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഷൗക്കത്തിന്റെ സാമൂഹികമാധ്യമ കുറിപ്പുകൾ. കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ ജീവിതമാർഗം തകർത്തുവെന്നും കഴിഞ്ഞ പത്ത് മാസമായി ഏജന്റുമാരുടെ ഓഫീസുകൾ കയറിയിറങ്ങിയെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു.
ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയെന്നും, ഫിറ്റ്നസ് നിഷേധിച്ചതിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോയെന്നും, മൊബൈൽ ഫോണിലടക്കമുള്ള തെളിവുകൾ അന്വേഷണത്തിൽ പരിശോധിച്ചോയെന്നുമാണ് ഇനി വ്യക്തമാകേണ്ടത്.




