നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കുഞ്ഞിനെ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ 90-ലേറെ മുറിവുകളും ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലുമുണ്ടായിരുന്നതായും കണ്ടെത്തൽ. നെടുമങ്ങാട് എസ്‌സി/എസ്ടി കോടതിയിലാണ് 78 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിദിന്റെ കൊലപാതകത്തിലാണ് അമ്മ അഖിലയ്ക്കും പങ്കാളിയായ അഷ്‌കറിനുമെതിരെ പൊലീസ് കുറ്റപത്രം നൽകിയത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂരമായ മർദനം, ജെജെ ആക്ട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ അഷ്‌കറിനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയ് 26നാണ് അർഷിദ് ക്രൂരമർദനമേറ്റ് മരിച്ചത്. കുട്ടിയെ അഷ്‌കർ സ്ഥിരമായി മർദിക്കാറുണ്ടെന്നും അമ്മ കുട്ടിയെ വേണ്ടവിധം പരിചരിക്കുന്നില്ലെന്നും ബന്ധുക്കൾ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

കുട്ടിയുടെ ശരീരത്തിൽ 90-ലേറെ മുറിവുകളുണ്ടായിരുന്നുവെന്നാണ് മെഡിക്കൽ പരിശോധനയിലെ കണ്ടെത്തൽ. ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലും കണ്ടെത്തി. തലയിലേറ്റ ഗുരുതരമായ ക്ഷതത്തെ തുടർന്നുണ്ടായ നീർവീക്കവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

തങ്ങൾ ഒന്നിച്ച് ജീവിക്കുന്നതിന് ഒന്നരവയസുകാരൻ തടസമായിരുന്നതിനാലാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്ന് അഷ്‌കർ പൊലീസിന് മൊഴി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.

കുട്ടി പടിയിൽ നിന്ന് വീണതാണെന്നായിരുന്നു ആദ്യം അമ്മയും അഷ്‌കറും പൊലീസിനോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്രൂരമായ മർദനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകളും മെഡിക്കൽ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഇനി കോടതി നടപടികളിലേക്ക്.

spot_img

Related news

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍....

പെരിയാർ പശുവിന് ദേശീയ അംഗീകാരം; വെച്ചൂരിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പശുവിനം

തിരുവനന്തപുരം: പെരിയാർ പശുവിന് അംഗീകാരം. ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്ന നാടൻ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ ആക്രമിച്ച കേസിൽ...

കാസർഗോഡ് എംഡിഎംഎ കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കാസർഗോഡ് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികളെ മൂന്ന് ദിവസത്തേക്ക്...