പാലക്കാട് ചാലിശേരിയിലെ സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റു. കാട് പിടിച്ചുകിടക്കുന്ന ആശുപത്രി പരിസരത്തെ കുറിച്ചുള്ള പരാതികൾ അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്.
പാലക്കാട് ചാലിശേരിയിലെ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റത്. ഡ്യൂട്ടിക്കിടെയായിരുന്നു ചാവക്കാട് സ്വദേശിനിയായ നഴ്സ് മിസിരിയയ്ക്ക് പാമ്പുകടിയേറ്റത്.
ഗുരുതരാവസ്ഥയിലായ മിസിരിയയെ ഉടൻ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ്പടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആരോഗ്യകേന്ദ്രത്തിലാണ് സംഭവം നടന്നത്.
ആരോഗ്യകേന്ദ്രത്തിന്റെ പരിസരം കാട് പിടിച്ചുകിടക്കുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയിരുന്നുവെന്നും, എന്നാൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നുമാണ് ആരോപണം.
സംഭവത്തെ തുടർന്ന് ആരോഗ്യകേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങളും പരിസര ശുചീകരണവും ശക്തമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.




