മഞ്ചേരി: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ കൊലക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി.
കേസിലെ പ്രതികളായ നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു, പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി ഷംസീർ, നെല്ലിക്കുത്ത് ഒലിപ്രക്കാട് സ്വദേശിയായ അബ്ദുൽ മാജിദ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയത്. മൂന്ന് പ്രതികൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തി.
2022 മാർച്ച് 29നാണ് അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്. വാഹനത്തിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്നാരോപിച്ച് ഉണ്ടായ തർക്കത്തിനിടെ ഒന്നാം പ്രതി ഷുഹൈബ് കരിങ്കല്ല് ഉപയോഗിച്ച് അബ്ദുൽ ജലീലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം.
സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്ന് മടങ്ങുകയായിരുന്ന അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ബൈക്കിലെത്തിയ ഷുഹൈബും അബ്ദുൽ മാജിദും ഒലിപ്രക്കാട്ട് വച്ച് വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തു.
തുടർന്ന് ഷംസീറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം, വാഹനത്തിന്റെ കേടുപാടുകൾ പരിശോധിക്കുന്നതിനിടെ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 30ന് മരിച്ചു.
അതേസമയം, കോടതി വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് അബ്ദുൽ ജലീലിന്റെ മകൻ സനീൻ പ്രതികരിച്ചു. ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും, അപ്പീൽ പോകുന്ന കാര്യത്തിൽ അഭിഭാഷകനുമായി ആലോചിക്കുമെന്നും കുടുംബം അറിയിച്ചു.




