തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തൃശൂർ ജില്ലയിലും മഴ അതിതീവ്രമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്.
അതേസമയം, സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന നദികളിലാണ് മുന്നറിയിപ്പ്.
എറണാകുളത്തെ മൂവാറ്റുപുഴ നദിയിൽ തൊടുപുഴ സ്റ്റേഷനിലും, കൊല്ലത്തെ കല്ലട നദിയിൽ പുനലൂർ സ്റ്റേഷനിലും, കോട്ടയത്തെ മീനച്ചിൽ നദിയിൽ പാല സ്റ്റേഷനിലും, മണിമല നദിയിൽ മണിമല സ്റ്റേഷനിലും, പത്തനംതിട്ടയിലെ പമ്പ നദിയിൽ കുരുടമൺ സ്റ്റേഷനിലും അച്ചൻകോവിൽ നദിയിൽ കല്ലേലി സ്റ്റേഷനിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നദിയിലെ കക്കടശേരി സ്റ്റേഷനിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
നദികളിൽ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ യാതൊരു സാഹചര്യത്തിലും പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദേശപ്രകാരം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.




