കുറ്റിപ്പുറം ബസ് ദുരന്തം: ടയർ ഊരിത്തെറിച്ചു, ബസ് രണ്ടായി പിളർന്നു; പോസ്റ്റ്-ക്രാഷ് അന്വേഷണം ആരംഭിച്ചു; റിപ്പോർട്ട് 5 ദിവസത്തിനകം സമർപ്പിക്കും; ആംബുലൻസ് കടത്തിവിട്ടില്ല, ടോൾ പ്ലാസയിൽ ക്രൂരത.
കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് പെരുവയൽ സ്വദേശി വൈഷ്ണവ് മരിച്ച നടുക്കുന്ന സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് പോസ്റ്റ്-ക്രാഷ് അന്വേഷണം ആരംഭിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി.സാങ്കേതിക പരിശോധനകൾ ഉൾപ്പെടെ ഉൾപ്പെടുത്തി പോലീസിന് പുറമെ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. ബസിന്റെ അമിതവേഗത, റോഡിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത, ദേശീയപാതയിലേക്ക് ഇരുചക്ര വാഹനം പെട്ടെന്ന് പ്രവേശിച്ചതാണോ അപകടത്തിന് കാരണമായത് തുടങ്ങിയ കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധിക്കും.ഇറക്കവും വളവുമുള്ള റോഡിൽ അമിതവേഗതയിൽ മറ്റ് വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ഡിവൈഡറിലിടിച്ച് കരണം മറിയുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ ടയർ ഊരിത്തെറിക്കുകയും വാഹനം രണ്ടായി പിളരുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്നിരുന്ന കാറിന് മുകളിലേക്കാണ് ബസ് പതിച്ചത്. ഇന്ധന ടാങ്ക് പൊട്ടി ഡീസൽ പുറത്തേക്ക് ഒഴുകിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.അതേസമയം, അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഏറെനേരം കുടുങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കി. അടിയന്തര സാഹചര്യമായിരുന്നിട്ടും ആംബുലൻസുകൾക്കായി ട്രാക്ക് തുറന്നു നൽകാൻ ടോൾ അധികൃതർ തയ്യാറായില്ല. ദേശീയപാത ഓഫീസിൽ പോയി സംസാരിക്കാനായിരുന്നു മറുപടി. വെട്ടിച്ചിറ ടോൾ പ്ലാസയിലെ ഈ ക്രൂര നടപടിയിൽ പ്രതിഷേധിച്ച് നാളെ ആംബുലൻസുകളുടെ കൂട്ടായ്മ പ്രദേശത്ത് സമരം നടത്തും.ഇതേത്തുടർന്ന് സ്ഥലത്ത് നാട്ടുകാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ രൂക്ഷമായ തർക്കവും സംഘർഷവുമുണ്ടായി. അപകടത്തിൽ മരിച്ച വൈഷ്ണവിന്റെ കുടുംബത്തെ മന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവരുടെ ചികിത്സ ആർ.ടി.ഒ നേരിട്ട് നിരീക്ഷിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.




