ലോക ജനസംഖ്യാ ദിനം ഇന്ന്. ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ചും എല്ലാവർക്കും ആരോഗ്യകരവും തുല്യവുമായ സുസ്ഥിര ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഓർമപ്പെടുത്തുന്ന ദിനമാണിത്.
നിലവിലെ കണക്കുകൾ പ്രകാരം ലോക ജനസംഖ്യ 800 കോടി പിന്നിട്ടിരിക്കുകയാണ്. അതിൽ ഏകദേശം 140 കോടി പേർ ഇന്ത്യയിലാണ് താമസിക്കുന്നത്. വിദ്യാഭ്യാസം, ലിംഗസമത്വം, ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷ എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദിനം മുന്നോട്ടുവയ്ക്കുന്നത്.
ജനസംഖ്യാ വർധന ലോകത്തിന് വികസനത്തിനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും, അതോടൊപ്പം നിരവധി വെല്ലുവിളികളും ഉയർത്തിയിട്ടുണ്ട്. ആയുർദൈർഘ്യം വർധിച്ചതോടെ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പല രാജ്യങ്ങളും ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്. ഈ ആവശ്യങ്ങൾ ഉറപ്പാക്കാൻ കഴിയാത്തിടത്ത് ദാരിദ്ര്യവും സാമൂഹിക അസമത്വവും വർധിക്കുന്ന സാഹചര്യമാണുള്ളത്.
എല്ലാ മനുഷ്യർക്കും തുല്യ അവസരങ്ങളും മാന്യമായ ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുക എന്ന സന്ദേശമാണ് ലോക ജനസംഖ്യാ ദിനം ഉയർത്തിക്കാട്ടുന്നത്.
1987 ജൂലൈ 11-ന് ലോക ജനസംഖ്യ 500 കോടി പിന്നിട്ടത് ആഗോള ശ്രദ്ധ നേടിയതിനെ തുടർന്നാണ്, 1989-ൽ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ഗവേണിംഗ് കൗൺസിൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ആരോഗ്യകരവും സമത്വാധിഷ്ഠിതവും സുസ്ഥിരവുമായ ലോകം ഭാവിതലമുറകൾക്കായി സൃഷ്ടിക്കുന്നതിന് വ്യക്തികളും സമൂഹവും സർക്കാരുകളും കൈകോർക്കണമെന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഇന്നത്തെ ലോക ജനസംഖ്യാ ദിനം.




