ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായതായി വിവരം. പരിശോധനയിൽ അന്വേഷണത്തിന് നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ക്ഷേത്രത്തിലെ കഴിഞ്ഞ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചു.
പ്രതികളുടെ സാമ്പത്തിക ഇടപാടുകളും സ്വത്ത് സമ്പാദ്യവും സംബന്ധിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി ഇടപാടുകളിലും ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നതിനാൽ, ട്രസ്റ്റ് വാങ്ങിയ ഭൂമികളിൽ കേസുകളിലുള്ള ഭൂമികളും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി ട്രസ്റ്റിന് ഭൂമി വിറ്റവരിൽ നിന്നുമുള്ള മൊഴികളും രേഖപ്പെടുത്തി.
അതേസമയം, സംഭാവനക്കൊള്ള കേസിൽ പ്രതിപക്ഷ നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തി അവരുടെ ആരോപണങ്ങൾക്ക് തെളിവ് ശേഖരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ, രാംഗോപാൽ യാദവ് തുടങ്ങിയ നേതാക്കളുടെ മൊഴിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ അയോധ്യ ഡിഎസ്പിക്ക് കത്ത് നൽകിയിട്ടുണ്ട്.




