മലയാള സിനിമയെ ലോക സിനിമയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 85-ാം ജന്മദിനം. ജീവിതത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും ആഴങ്ങൾ അതിസൂക്ഷ്മമായി അവതരിപ്പിച്ച സിനിമകളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ സമ്മാനിച്ച ചലച്ചിത്രകാരനാണ് അടൂർ.
പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഗ്രാമത്തിൽ ജനിച്ച അടൂർ ഗോപാലകൃഷ്ണൻ, സർക്കാർ ജോലി ഉപേക്ഷിച്ചാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര സംവിധാനം പഠിച്ചത്. 1965-ൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കുളത്തൂർ ഭാസ്‌കരൻ നായരോടൊപ്പം കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സൊസൈറ്റിയായ ‘ചിത്രലേഖ ഫിലിം സൊസൈറ്റി’ സ്ഥാപിച്ചു. പിന്നീട് മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിൽ ഈ സംരംഭം നിർണായകമായി.
1972-ൽ പുറത്തിറങ്ങിയ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയാണ് അടൂർ മലയാള സിനിമയിൽ നവതരംഗത്തിന് തുടക്കമിട്ടത്. തുടർന്ന് ‘കൊടിയേറ്റം’, ‘എലിപ്പത്തായം’, ‘മുഖാമുഖം’, ‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’, ‘കഥാപുരുഷൻ’, ‘നിഴൽക്കുത്ത്’, ‘നാലു പെണ്ണുങ്ങൾ’, ‘ഒരു പെണ്ണും രണ്ടാണും’, ‘പിന്നെയും’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ഫീച്ചർ സിനിമകൾക്കൊപ്പം ഇരുപത്തിയഞ്ചിലേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം, ജെ.സി. ഡാനിയേൽ പുരസ്‌കാരം, പത്മശ്രീ, പത്മവിഭൂഷൺ തുടങ്ങി രാജ്യത്തെ പരമോന്നത ബഹുമതികൾ അടൂരിനെ തേടിയെത്തിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നിരവധി തവണ നേടിയ അദ്ദേഹം ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു.




