തിരുവനന്തപുരം വലിയറത്തലയിൽ പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ഓടിയ യുവാവിന്റെ വീട്ടിൽ നിന്ന് രണ്ട് വടിവാളുകളും കൈതോക്കും കത്തിയും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അജിത്ത് (22)നെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
വലിയറത്തല പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. പൊലീസ് എത്തിയപ്പോൾ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
കിടപ്പുമുറിയിലെ റാക്കിന്റെ മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങളെന്ന് പൊലീസ് അറിയിച്ചു. എന്നാൽ സ്ഥലത്ത് നിന്ന് ലഹരി വസ്തുക്കൾ പിടികൂടാനായില്ല.
പ്രതി ലഹരി ഉപയോഗിക്കുന്നതായി സമ്മതിച്ചിട്ടുണ്ടെന്നും, തോക്കും മറ്റ് ആയുധങ്ങളും എവിടെ നിന്ന് ലഭിച്ചതാണെന്ന് ഉൾപ്പെടെ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




