ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടന്മേട് പോലീസാണ് നടപടി സ്വീകരിച്ചത്.
സംഭവത്തെ തുടർന്ന് അധ്യാപകനോട് ഒരു മാസത്തേക്ക് അവധിയിൽ പ്രവേശിക്കാൻ പി.ടി.എ. നിർദേശിച്ചു. ഈ കാലയളവിൽ പകരം താത്കാലിക അധ്യാപകനെ നിയമിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് ക്ലാസ് മുറിയിൽവെച്ച് ചൂരൽ കൊണ്ട് പലതവണ അടിക്കുകയും, മുട്ടിൽ നിർത്തുകയും, മുഖത്തും വയറിലും മർദിക്കുകയും ചെയ്തെന്നാണ് വിദ്യാർഥിയുടെ പരാതി. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, വിദ്യാർഥിയെ മർദിച്ചിട്ടില്ലെന്നാണ് അധ്യാപകന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




