സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ രണ്ടുവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിൽ മധ്യ-വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്, മണ്ണിടിച്ചിൽ ഭീഷണി, മറ്റ് മഴക്കെടുതികൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.




