നീറ്റ്-യുജി പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പൊതുതാൽപര്യ ഹർജി. അതേസമയം പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
നീറ്റ്-യുജി പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. 22 ലക്ഷം വിദ്യാർത്ഥികളെ വീണ്ടും പരീക്ഷ എഴുതാൻ നിർബന്ധിതരാക്കുന്ന തീരുമാനം ഏകപക്ഷീയമാണെന്നാണ് ഹർജിക്കാരുടെ വാദം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ കോടതി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
ഇതിനിടെ, പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ആരുടെയും കൈവശമെത്തിയിട്ടില്ലെന്ന് ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎ വ്യക്തമാക്കി. ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങളോ വ്യാജ വെബ്സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, പുനഃപരീക്ഷ ഒരു മാസത്തേക്ക് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 1467 വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിനും എൻടിഎയ്ക്കും നിവേദനം നൽകി. ചുരുങ്ങിയ സമയത്തിനുള്ളിൽ പരീക്ഷ നടത്താനുള്ള തീരുമാനം മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതാണെന്നും, നീറ്റ് പോലുള്ള മത്സരപരീക്ഷകൾക്ക് ദീർഘകാല തയ്യാറെടുപ്പ് അനിവാര്യമാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.




