തിരുവനന്തപുരം പോത്തൻകോട് മേലേമുക്കിൽ ബേക്കറി ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ഷവർമ കത്തി അനുവാദമില്ലാതെ എടുത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
പോത്തൻകോട് മേലേമുക്കിലെ ബേക്കറിയിലാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബീമാപള്ളി സ്വദേശിയായ അനീഷ് സ്കൂട്ടറിൽ ബേക്കറിക്ക് സമീപമെത്തി കടയിലുണ്ടായിരുന്ന ഷവർമ കത്തി അനുവാദമില്ലാതെ എടുത്ത് പുറത്തേക്ക് കൊണ്ടുപോയെന്നാണ് പരാതി.
ഇത് ബേക്കറി ഉടമ ഷാഹുൽ ഹമീദ് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ അനീഷ് അസഭ്യം വിളിച്ച് സ്ഥലത്ത് നിന്ന് മടങ്ങിയെന്നും ദൃക്സാക്ഷികൾ പറയുന്നു
എന്നാൽ കുറച്ച് സമയത്തിനുശേഷം മറ്റൊരു കത്തിയുമായി തിരിച്ചെത്തിയ അനീഷ് ഷാഹുൽ ഹമീദിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ കടയുടമയ്ക്ക് തലയിലും ഇടത് കൈയ്ക്കും പരിക്കേറ്റു.
കത്തി വീശി കടയിലും പരിസരത്തും ഭീതി പരത്തിയ പ്രതിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് പിടികൂടി. മൽപ്പിടുത്തത്തിനിടെ അനീഷിനും പരിക്കേറ്റു.
പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




