സിനിമയിൽ മാത്രമല്ല പഠിത്തത്തിലും താൻ മിന്നും താരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ‘മിന്നൽ മുരളി’ ഫെയിം വസിഷ്ഠ്. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് താരം മിന്നൽ തിളക്കം സ്വന്തമാക്കിയത്. സിനിമാ തിരക്കുകൾക്കിടയിലും പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് വസിഷ്ഠിന്റെ ഈ ഉജ്ജ്വല വിജയം.
വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ വസിഷ്ഠ്, പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ചെന്നൈയിലായിരുന്നു. സിനിമാ ഷൂട്ടിങ്ങിന്റെ തിരക്കുകൾക്കിടയിൽ മോഡൽ പരീക്ഷകൾ പോലും എഴുതാൻ വസിഷ്ഠിന് കഴിഞ്ഞിരുന്നില്ല. ഒടുവിൽ വാർഷിക പരീക്ഷാ സമയത്ത് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചാണ് താരം പരീക്ഷ എഴുതാനെത്തിയത്.
പഠനത്തിൽ അധ്യാപകർ കൂടിയായ മാതാപിതാക്കൾ നൽകിയ മികച്ച പിന്തുണയാണ് വസിഷ്ഠിനെ ഈ വിജയത്തിലേക്ക് നയിച്ചത്. വാണിയംകുളം ടി.ആർ.കെ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനായ ചളവറ കയിലിയാട് ശ്രേണികയിൽ ഉമേഷിന്റെയും, അതേ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപികയായ ജ്യോതിയുടെയും മകനാണ് വസിഷ്ഠ്. മാതാപിതാക്കളുടെ കൃത്യമായ പരിശീലനം കൂടിയായതോടെ മോഡൽ പരീക്ഷ എഴുതാതിരുന്നിട്ടും ഫൈനൽ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാരാൻ താരത്തിന് സാധിച്ചു.
സൂപ്പർ ഹീറോ പ്രമേയമാകുന്ന വസിഷ്ഠിന്റെ പുതിയ തമിഴ് ചിത്രം സെപ്റ്റംബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. സിനിമയിലെ മിന്നൽ പ്രകടനത്തിന് പിന്നാലെ പഠനത്തിലും നൂറുമേനി കൊയ്ത വസിഷ്ഠിനെ തേടി നിരവധി അഭിനന്ദനങ്ങളാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.




