മലയാള സിനിമ കാത്തിരുന്ന ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ആവേശകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ പീരീഡ് ഡ്രാമ ത്രില്ലറിൽ ടൊവിനോയുടെ ഗംഭീര ആക്ഷൻ പ്രകടനമാണ് അണിയറപ്രവർത്തകർ വാഗ്ദാനം ചെയ്യുന്നത്. എ ആർ എമ്മിലെ കള്ളൻ മണിയന് ശേഷം ടൊവിനോയുടെ മറ്റൊരു വിസ്മയ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി’ ഒരു മാസ് ആക്ഷൻ എന്റർടെയ്നറാണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ടൊവിനോയ്‌ക്കൊപ്പം കയാദു ലോഹർ നായികയായെത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ഹിറ്റുകൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ് തുടങ്ങി വൻ താരനിര അണിനിരക്കുന്നു. ടിജോ ടോമിയുടെ ഛായാഗ്രഹണവും ജേക്ക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ. വേൾഡ് വൈഡ് ഫിലിംസും സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ വിഷു റിലീസായി ഏപ്രിൽ പത്തിന് പള്ളിച്ചട്ടമ്പി തിയേറ്ററുകളിലെത്തും. ടൊവിനോയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി ചിത്രം മാറുമോ എന്ന് കാത്തിരുന്നു കാണാം.




