ശ്രീനഗർ: പെൺസുഹൃത്തിനെ കാണാനായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ സ്വദേശിയെ നിയമനടപടികൾ പൂർത്തിയാക്കി ഇന്ത്യ തിരിച്ചയച്ചു.
മെയ് 31-നാണ് ഉറി സെക്ടർ സ്വദേശിയായ സീഷാൻ അഹമ്മദ് മിർ നിയന്ത്രണരേഖ (LoC) കടന്നത്. സൈന്യവും ഗ്രാമവാസികളും മാത്രം പ്രവേശനം അനുവദിക്കുന്ന സിലികോട്ട് ഗ്രാമത്തിൽ സംശയാസ്പദമായി കണ്ട ഇയാളെ സേന പിടികൂടുകയായിരുന്നു.
ആദ്യഘട്ട പരിശോധനയിൽ, സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട ഇറാം മജീദ് എന്ന പെൺസുഹൃത്തിനെ കാണാനാണ് ഇയാൾ അതിർത്തി കടന്നതെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ ബാരാമുള്ള പൊലീസിന് കൈമാറി നിയമനടപടികൾ ആരംഭിച്ചു.
അന്വേഷണം പൂർത്തിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചതിനെ തുടർന്ന് കേസ് അവസാനിപ്പിച്ചു. പിന്നാലെ സീഷാനെ തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ അതിർത്തി വഴി പാകിസ്ഥാൻ ഭാഗത്തേക്ക് അയച്ചു.
രേഖകളില്ലാതെ അതിർത്തി കടക്കുന്നത് ഗുരുതര നിയമലംഘനമാണെന്നും ഇത്തരം സംഭവങ്ങളിൽ സുരക്ഷാ നടപടികൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.




