കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനമായ പദ്ധതി വിജയകരമാണെന്ന് യാത്രക്കാരും ഗതാഗത വകുപ്പും അവകാശപ്പെടുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിലും ഉയർന്നതോടെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയെന്ന ആശങ്കയും ഉയരുന്നു. മറുവശത്ത്, പദ്ധതിയുടെ ആഘാതം സ്വകാര്യ ബസ് മേഖലയെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
ദിവസ വേതന തൊഴിലാളികൾ മുതൽ വിദ്യാർത്ഥികൾ വരെ… ഇന്ന് പല സ്ത്രീ യാത്രക്കാരും കാത്തിരിക്കുന്നത് പ്രിയദർശിനി ബസുകൾക്കായാണ്. യാത്രക്കാരുടെ തിരക്ക് കാരണം പല സർവീസുകളിലും കാൽ കുത്താൻ പോലും ഇടമില്ല. നഗരപരിധി കഴിഞ്ഞാൽ തിരക്ക് വീണ്ടും വർധിക്കുന്നു. ഇരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ ചില പുരുഷ യാത്രക്കാർ പരാതിപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ ഒരു മാസത്തിനിടെ സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിൽ വലിയ മാറ്റമാണ് പ്രകടമായത്.
പദ്ധതി ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം, മെയ് 16-ന്, സൗജന്യ യാത്ര നടത്തിയ സ്ത്രീകളുടെ എണ്ണം 11.8 ലക്ഷമായിരുന്നു. അന്നത്തെ ടിക്കറ്റ് മൂല്യം ഏകദേശം 2.46 കോടി രൂപ. ഒരു മാസം പിന്നിടുമ്പോൾ ഈ കണക്ക് വീണ്ടും ഉയർന്നു. ഇപ്പോൾ പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 14.8 ലക്ഷമായി. ടിക്കറ്റുകളുടെ മൂല്യം മൂന്ന് കോടി രൂപയും കടന്നിരിക്കുകയാണ്.
മിനിമം ചാർജിൽ യാത്ര ചെയ്യുന്നവർക്ക് പ്രതിമാസം കുറഞ്ഞത് 600 രൂപയുടെ ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ദൂരം യാത്ര ചെയ്യുന്നവർക്ക് ഇതിലും വലിയ സാമ്പത്തിക ആശ്വാസമാണ് പദ്ധതി നൽകുന്നത്. നിലവിൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുന്നത്. ഭാവിയിൽ സിറ്റി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചാൽ കൂടുതൽ സ്ത്രീകൾക്ക് പ്രയോജനം ലഭിക്കും.
പദ്ധതി പ്രഖ്യാപിക്കുന്നതിന് മുൻപ്, ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ 60 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ആദ്യ മാസം തന്നെ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധന ആ കണക്കുകൾ പുനഃപരിശോധിക്കേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനിടെ, കെഎസ്ആർടിസിക്ക് ശമ്പളവും പെൻഷനും ഉൾപ്പെടെ സർക്കാർ പ്രതിമാസം നൽകുന്ന 125 കോടി രൂപയ്ക്ക് പുറമേയാണ് ഈ അധിക ചെലവും. എന്നിരുന്നാലും പദ്ധതിയുടെ അധിക സാമ്പത്തിക ബാധ്യത കോർപ്പറേഷന്റെ മേൽ ചുമത്തില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
അതേസമയം, സ്ത്രീകൾ കെഎസ്ആർടിസിയിലേക്ക് കൂടുതൽ മാറിയതോടെ യാത്രക്കാരെ നഷ്ടപ്പെടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും പരാതി. വരുമാനം ഗണ്യമായി കുറഞ്ഞതോടെ മേഖലയിലെ പ്രതിസന്ധി രൂക്ഷമായെന്നാണ് അവരുടെ വിലയിരുത്തൽ.




