ഉർവശിയും ജോജു ജോർജും നേർക്കുനേർ പോരടിക്കുന്ന രംഗങ്ങളുമായി ‘ആശ’യുടെ ട്രെയിലർ ശ്രദ്ധ നേടുന്നു. ആകസ്മികമായി സംഭവിക്കുന്ന ഒരു അപകടവും തുടർന്ന് അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഉർവശിയുടെ മകളായി ഐശ്വര്യയും പ്രധാന വേഷത്തിൽ വിജയരാഘവനും എത്തുന്നു. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ദുരൂഹതയും സസ്പെൻസും നിറച്ച ചടുലമായ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഉർവശിയുടെ വേറിട്ട വേഷപ്പകർച്ചയും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.
നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത്താണ് നിർമ്മിക്കുന്നത്.
മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ഷാൻ മുഹമ്മദ് എഡിറ്റിങ്ങും ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. ‘പൊൻമാൻ’, ‘ഗഗനചാരി’, ‘ബാന്ദ്ര’, ‘മദനോത്സവം’, ‘സർക്കീട്ട്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റെ പുതിയ ചിത്രമാണ് ‘ആശ’.




