കണ്ണൂർ: മാങ്ങാട്ടിടത്തെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മാങ്ങാട്ടിടം സ്വദേശി ജ്യോതിഷയുടെ ആത്മഹത്യയിൽ ഭർത്താവ് സജിലിനും ബന്ധുക്കൾക്കുമെതിരെ പിണറായി പൊലീസ് കേസെടുത്തു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞതുമുതൽ ജ്യോതിഷയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഗർഭിണിയായപ്പോഴും പീഡനം തുടർന്നെന്നും കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവ് സജിലും അമ്മ ചന്ദ്രിയും സഹോദരി ജൂനയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. വിവാഹസമയത്ത് 12 പവൻ സ്വർണവും പണവും നൽകിയിരുന്നുവെന്നും, താലിമാല ഒഴികെയുള്ള സ്വർണം ഭർതൃവീട്ടുകാർ വിറ്റതായും കുടുംബം ആരോപിച്ചു.
മാർച്ച് എട്ടിന് പുലർച്ചെയാണ് ജ്യോതിഷ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. എന്നാൽ സംഭവത്തിൽ പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും രാഷ്ട്രീയ സ്വാധീനം കാരണമാണ് വൈകിയതെന്നും കുടുംബം ആരോപിച്ചു. സജിൽ സി.പി.എം പ്രവർത്തകനാണെന്നും കുടുംബം പറയുന്നു.
ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് സജിലിനും അമ്മ ചന്ദ്രിക്കും സഹോദരി ജൂനയ്ക്കുമെതിരെ പിണറായി പൊലീസ് കേസെടുത്തത്.
2020 നവംബർ 20നായിരുന്നു ജ്യോതിഷയുടെയും സജിലിന്റെയും വിവാഹം. ജ്യോതിഷ ആത്മഹത്യ ചെയ്യുമ്പോൾ എട്ടരമാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ടായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




