അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ യുഡിഎഫ് സർക്കാർ ‘ഇന്ദിര ഗ്യാരണ്ടി’ നടപ്പിലാക്കിയെന്ന് കെ.സി. വേണുഗോപാൽ എം.പി. കേരളത്തിലുടനീളമുള്ള സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്ന പദ്ധതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം തിരുവനന്തപുരത്ത് നടന്ന ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാർക്കെതിരെയും കെ.സി. വേണുഗോപാൽ കടുത്ത വിമർശനമുന്നയിച്ചു.
അധികാരത്തിലേറി ഒരു മാസത്തിനകം തന്നെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് യുഡിഎഫ് പാലിച്ചുവെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. ‘പ്രിയദർശിനി’ പദ്ധതിയിലൂടെ കേരളത്തിലുടനീളമുള്ള സ്ത്രീകൾക്ക് ഇനി കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിലൂടെ സാധാരണക്കാരായ സ്ത്രീകൾക്ക് എല്ലാ മാസവും ആയിരക്കണക്കിന് രൂപ ലാഭിക്കാൻ കഴിയും. ഞങ്ങൾ ജനപക്ഷ ക്ഷേമത്തിലാണ് വിശ്വസിക്കുന്നത്. കർണാടകയിലായാലും തെലങ്കാനയിലായാലും ഇപ്പോൾ കേരളത്തിലായാലും കോൺഗ്രസും യുഡിഎഫും എപ്പോഴും വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരത്ത് നടന്ന ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ കെ.സി. വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ലെന്ന് അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച ചടങ്ങിൽ പങ്കെടുത്ത വി.സിമാർ പ്രബുദ്ധ കേരളത്തിന് അപമാനമാണ്. മൂവരും അടിയന്തരമായി കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, സ്വയം രാജിവെച്ച് ആർഎസ്എസ് ശാഖകളിൽ കുറുവടിയും പിടിച്ച് ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഇവർ ഓർക്കണം. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാൻ ഈ നാട് അനുവദിക്കില്ലെന്നും വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളെയല്ല, ഭരണഘടനാ മൂല്യങ്ങളെയാണ് ഈ നാട് ഉള്ളിൽപ്പേറുന്നതെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.




