കോഴിക്കോട്: നഗരമധ്യത്തിലെ പാളയത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. പാളയം സ്വദേശിയായ ബിജുവിനെയാണ് ഇന്ന് പുലർച്ചെയോടെ ചോരയിൽ കുളിച്ച നിലയിൽ വീടിനോട് ചേർന്നുള്ള മുറിയിൽ കണ്ടെത്തിയത്. ഏതോ മാരകായുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും, എന്നാൽ കൃത്യമായി ഏത് ആയുധമാണ് ഉപയോഗിച്ചതെന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ബിജുവിന്റെ മാതാവ് ബേബിയാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മകന്റെ മൃതദേഹം ആദ്യം കണ്ടത്. പുലർച്ചെ ഏറെ നേരം ബിജുവിനെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ബിജു കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തല പൊട്ടി അതിശക്തമായി ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ബിജുവിന്റെ മരണത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയയാണെന്ന് സംശയിക്കുന്നതായി മാതാവ് ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വശവും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പാളയം പ്രദേശത്ത് ലഹരി അടക്കം പല സാമൂഹിക വിരുദ്ധ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി സമ്മതിച്ചു. കുടുംബം ഉന്നയിച്ച സംശയങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പോലീസ് വിശദമായി പരിശോധിക്കുകയാണ്. നഗരമധ്യത്തിൽ നടന്ന ക്രൂരമായ ഒരു കൊലപാതകമാണിത്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതികളെ ഉടൻ തന്നെ വലയിലാക്കും.




