തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെയുള്ള പൊലീസ്-എക്സൈസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്ത്. ഇന്ത്യ ടുഡേ റൗണ്ട് ടേബിൾ കോൺക്ലേവിലെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്. ആന്റോ അഗസ്റ്റിൻ നിരവധി വഞ്ചനാകേസുകളിലും ജി.എസ്ടി തട്ടിപ്പ് കേസ്സിലും പ്രതിയാണെന്നും ഇതാണോ മാധ്യമപ്രവർത്തനമെന്നും അദ്ദേഹം ചോദിച്ചു.
ഗൗരവമായ കുറ്റകൃത്യത്തിന്റെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിൽ പൊലീസ് വളരെ സംയമനം പാലിച്ചിട്ടുണ്ട്. ഈ നടപടിക്ക് മാധ്യമ വാർത്തകളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സിയെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിനിടയിൽ വീടിനുള്ളിൽ നിന്ന് 136 കുപ്പി മദ്യം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയുണ്ടായി. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിട്ടുള്ളത്. ഇതിന് പിന്നാലെ എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നിന്നാണ് അദ്ദേഹത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വീട് റെയ്ഡ് ചെയ്തപ്പോൾ നിയമവിരുദ്ധമായി സൂക്ഷിച്ച മദ്യത്തിന് പുറമെ ഓഫീസിൽ നിന്ന് ഡോളറും കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം റെയ്ഡിനെ എതിർത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, മുൻകാലങ്ങളിലും മാധ്യമസ്ഥാപനങ്ങൾക്ക് നേരെ സമാനമായ റെയ്ഡുകൾ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പിണറായി വിജയൻ റെയ്ഡിനെ എതിർക്കുന്നത് കണ്ടുവെന്നും എന്നാൽ മംഗളത്തിലും ഏഷ്യാനെറ്റിലുമൊക്കെ മുൻപ് റെയ്ഡുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




