ലഖ്നൗ: കൊവിഡ് മഹാമാരി ഒടുങ്ങിയിട്ടും കസ്റ്റഡി മരണമെന്ന മഹാവിപത്ത് അവസാനിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗോണ്ട സ്വദേശിയായ വ്യക്തിയുടെ കസ്റ്റഡി മരണത്തിൽ പ്രതികളായ രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കരൺ സിംഗ് യാദവ്, കോൺസ്റ്റബിൾ അമിത് കുമാർ യാദവ് എന്നിവർ സമർപ്പിച്ച അപ്പീലുകളാണ് ലക്നൗ ബെഞ്ചിലെ ജസ്റ്റിസ് മനീഷ് മാത്തൂർ തള്ളിയത്.
ഗോണ്ടയിലെ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഗോണ്ട കിങ്കി ഗ്രാമവാസിയായ സഞ്ജയ് കുമാർ സോങ്കാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. 2025 സെപ്റ്റംബറിൽ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിയിൽ നിന്ന് കടുക് എണ്ണ ടിന്നുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനിടയാണ് സോങ്കാറിന്റെ പേര് ഉയര്ന്നുവന്നത്.
നവംബർ 4-ന് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത സോങ്കാറിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റതാണ് മരണകാരണമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. കൊവിഡ് കാലം കഴിഞ്ഞിട്ടും കസ്റ്റഡി മരണങ്ങൾ കുറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം കേസുകളിൽ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത പൊലീസുകാരുടെ മേലാണെന്നും എന്നാൽ ഉദ്യോഗസ്ഥർക്ക് അതിനുള്ള വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും നിരീക്ഷിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിചാരണ വേളയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനിക്കാൻ കഴിയൂ എന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യഹർജി തള്ളിയത്.




