ബാഡ്മിന്റൺ കോർട്ടുകൾ ഇനി സിന്തറ്റിക് തൂവലുകളുള്ള ഷട്ടിൽ കോക്കുകളിലേക്ക് മാറുന്നു. പക്ഷിപ്പനിയും വാത്ത വളർത്തൽ കുറഞ്ഞതും മൂലം തൂവലുകൾക്ക് കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ലോക ബാഡ്മിന്റൺ ഫെഡറേഷൻ ഈ ചരിത്രപരമായ തീരുമാനമെടുത്തത്. പ്രമുഖ അന്താരാഷ്ട്ര ജൂനിയർ മത്സരങ്ങളിൽ സിന്തറ്റിക് ഷട്ടിലുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിക്കഴിഞ്ഞു.
കാലങ്ങളായി വാത്തകളുടെ തൂവലുകളാണ് ഷട്ടിൽ കോക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. എന്നാൽ ചൈനയിലും ജപ്പാനിലും വാത്ത വളർത്തലിൽ നിന്ന് കർഷകർ പിന്മാറിയതോടെ തൂവലുകളുടെ ലഭ്യത കുത്തനെ കുറഞ്ഞു. പക്ഷിപ്പനി കൂടി പടർന്നതോടെ വിപണിയിൽ തൂവൽ ഷട്ടിലുകളുടെ വില കുതിച്ചുയരുകയും ലഭ്യത ഇല്ലാതാവുകയും ചെയ്തു. ഇത് ഷട്ടിൽ നിർമ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഒരു ഷട്ടിൽ കോക്ക് നിർമ്മിക്കാൻ ചുരുങ്ങിയത് 16 തൂവലുകൾ എങ്കിലും ആവശ്യമാണ്. ഒരു വാത്തയുടെ ചിറകിൽ നിന്ന് ആറ് തൂവലുകൾ മാത്രമേ ഗുണനിലവാരമുള്ളവയായി ലഭിക്കൂ. അതായത് ഒരു ഷട്ടിൽ നിർമ്മിക്കാൻ മൂന്ന് പക്ഷികളെയെങ്കിലും ആശ്രയിക്കേണ്ടി വരുന്നു. ഈ പരിമിതി മറികടക്കാനാണ് ലോക ബാഡ്മിന്റൺ ഫെഡറേഷൻ (BWF) ബദൽ മാർഗ്ഗങ്ങൾ തേടിയത്.
ഗ്രേഡ്-3 ടൂർണമെന്റുകളിലും ജൂനിയർ തലത്തിലുള്ള രാജ്യാന്തര മത്സരങ്ങളിലും ഇനി മുതൽ സിന്തറ്റിക് തൂവലുകളുള്ള ഷട്ടിലുകൾ ഉപയോഗിക്കാം. പ്രകൃതിദത്ത തൂവലുകൾക്ക് സമാനമായ വേഗതയും നിയന്ത്രണവും നൽകുന്ന സിന്തറ്റിക് ഷട്ടിലുകളാണ് വികസിപ്പിക്കുന്നത്. ഈ പരീക്ഷണം വിജയിച്ചാൽ ഭാവിയിൽ ലോകത്തിലെ എല്ലാ പ്രമുഖ ടൂർണമെന്റുകളിലും സിന്തറ്റിക് ഷട്ടിലുകൾ ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങും.
സിന്തറ്റിക് ഷട്ടിലുകൾ എത്രത്തോളം ഫലപ്രദമാകുമെന്നതിൽ കായിക ലോകത്തിന് സമ്മിശ്ര പ്രതികരണമാണുള്ളത്. സ്വാഭാവിക തൂവൽ ഷട്ടിലുകളുടെ സുഖവും വേഗതയും കൃത്യതയും സിന്തറ്റിക് ഷട്ടിലുകൾക്ക് നൽകാൻ കഴിയുമോ എന്നത് വരും ദിവസങ്ങളിലെ മത്സരങ്ങൾ തെളിയിക്കും. എന്തായാലും ബാഡ്മിന്റൺ കോർട്ടിലെ തൂവൽ വിപ്ലവത്തിന് ഇപ്പോൾ പുതിയൊരു ദിശ ലഭിച്ചിരിക്കുകയാണ്.




