അർജന്റീനയ്ക്കും ലിയോണൽ മെസ്സിക്കും അനുകൂലമായി റഫറി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി അൾജീരിയ. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയോടേറ്റ തോൽവിക്ക് പിന്നാലെയാണ് അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു വിവാദത്തിന് ഇടയായ സംഭവം. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അൾജീരിയൻ ക്യാപ്റ്റൻ ഐസ മെൻഡിയെ മെസ്സി ഫൗൾ ചെയ്തതായി റഫറി ഷിമോൺ മാർസിനിയാക്ക് വിധിച്ചു. ഫ്രീകിക്ക് അനുവദിച്ചെങ്കിലും മെസ്സിക്കെതിരെ കാർഡൊന്നും കാണിച്ചില്ല.
ഈ ഫൗൾ റെഡ് കാർഡ് അർഹിക്കുന്നതായിരുന്നുവെന്നും വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധന പോലും നടത്താതെ റഫറി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നുമാണ് അൾജീരിയയുടെ ആരോപണം.
രണ്ടാം പകുതിയിലും മറ്റൊരു വിവാദം ഉയർന്നു. അൾജീരിയൻ താരം ഇബ്രാഹിം മാസയെ അർജന്റീനയുടെ അലക്സിസ് മക് അലിസ്റ്റർ കൈമുട്ട് കൊണ്ട് മുഖത്തിടിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.
2022 ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച ഷിമോൺ മാർസിനിയാക്കിനെതിരെയുള്ള പരാതിയും ഫിഫ പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മത്സരത്തിൽ ലിയോണൽ മെസ്സിയുടെ ഹാട്രിക് കരുത്തിലായിരുന്നു അർജന്റീനയുടെ മിന്നുന്ന ജയം. എന്നാൽ മെസ്സിക്ക് കാർഡ് ലഭിച്ചിരുന്നുവെങ്കിൽ മത്സരഫലം തന്നെ മാറിയേനെയെന്നാണ് അൾജീരിയൻ ഫെഡറേഷനും ആരാധകരും വാദിക്കുന്നത്.
വിവാദ സംഭവത്തിൽ ഫുട്ബോൾ ലോകവും രണ്ടായി പിരിഞ്ഞിരിക്കുകയാണ്. മെസ്സിയുടെ ഫൗൾ മനഃപൂർവമല്ലെന്നും റഫറിയുടെ തീരുമാനം ശരിയായിരുന്നുവെന്നും ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി അഭിപ്രായപ്പെട്ടു. മറുവശത്ത്, അത് റെഡ് കാർഡ് അർഹിക്കുന്ന ഫൗളാണെന്നായിരുന്നു മുൻ മാഞ്ചസ്റ്റർ സിറ്റി താരം നെഡും ഒനുഹയുടെ പ്രതികരണം.




