തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടക്കേണ്ടിയിരുന്ന പിഎസ്‌സി പരീക്ഷകൾ റദ്ദാക്കിയ സംഭവത്തിൽ അതൃപ്തി പുകയുന്നു. പരീക്ഷാ നടത്തിപ്പിൽ വരുത്തിയ പുതിയ പരിഷ്‌കരണമാണ് വൻ അബദ്ധത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി ഒരേ ദിവസം തന്നെ രണ്ട് പരീക്ഷകൾ നടത്താനുള്ള പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെ തീരുമാനമാണ് ഒടുവിൽ തിരിച്ചടിയായത്.
ഒരു ദിവസം തന്നെ രണ്ട് പരീക്ഷകൾ നടത്തിയാൽ ചോദ്യപേപ്പർ മാറിപ്പോകാൻ വലിയ സാധ്യതയുണ്ടെന്ന് പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ ചെയർമാന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് വ്യത്യസ്ത നിറത്തിലുള്ള കവറുകളും ഒരു ഐഡി നമ്പരും മാത്രമായിരുന്നു രണ്ട് പരീക്ഷകളുടെയും ചോദ്യപ്പേപ്പറുകൾ തിരിച്ചറിയാനുണ്ടായിരുന്ന ഏക മാർഗ്ഗം. ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറിപ്പോയാൽ സംസ്ഥാനത്തെ മുഴുവൻ പരീക്ഷയും റദ്ദാക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിട്ടും ചെയർമാൻ ഇത് ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. ആവശ്യമായ തയ്യാറെടുപ്പുകൾ ഉള്ളതിനാൽ പ്രശ്നമുണ്ടാകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
പരീക്ഷാ നടത്തിപ്പിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകേണ്ടി വരുന്ന യാത്രാബത്ത (TA) ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്‌കാരം കൊണ്ടുവന്നതെന്നാണ് വിവരം. എന്നാൽ ഒന്നര ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ എഴുതുന്ന ഒരു പ്രധാന പരീക്ഷയിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തിയത് കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. ഏകദേശം 3 കോടി രൂപയോളമാണ് ഈ പരീക്ഷാ നടത്തിപ്പിനായി മാത്രം ചെലവായത്. ചെയർമാന്റെ കടുംപിടിത്തം മൂലം ഈ തുകയാണ് ഇപ്പോൾ വെള്ളത്തിലായിരിക്കുന്നത്. സംഭവത്തിൽ ഇപ്പോൾ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ മാറി നൽകിയ ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ മാത്രം പുനപ്പരീക്ഷ നടത്തിയാൽ മതി എന്ന പിഎസ്‌സിയുടെ തീരുമാനം ഒരു വിഭാഗം ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായിട്ടുണ്ട്. എങ്കിലും ഇന്നലെ ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന മുഴുവൻ പരീക്ഷകളും റദ്ദാക്കിയത് ദൂരദേശങ്ങളിൽ നിന്നും മറ്റും പരീക്ഷയ്‌ക്കെത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ കടുത്ത ദുരിതത്തിലാക്കി. പിഎസ്‌സി ചെയർമാൻ നിർബന്ധപൂർവ്വം നടപ്പിലാക്കിയ പരിഷ്‌കാരമാണ് പാളിയതെങ്കിലും, ഇതിന്റെ പേരിൽ നടപടി നേരിടാൻ പോകുന്നത് ആലപ്പുഴയിൽ അബദ്ധം പിണഞ്ഞ താഴെത്തട്ടിലുള്ള ജീവനക്കാരായിരിക്കുമെന്നാണ് സൂചന. വിചിത്രമായ പരിഷ്‌കാരങ്ങൾ വഴി പിഎസ്‌സിയുടെ വിശ്വാസ്യത തകർത്ത ചെയർമാനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.




