കെ.ടി ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. നാണം കേട്ട് രാജിവെച്ചതിലെ പക മാത്രമല്ല കെ.ടി ജലീലിന് ഉള്ളത്. മന്ത്രി ആയപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്നതിലെ വെപ്രാളമാണ് ജലീൽ കാണിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. താൻ തൊഴിലും ബിസിനസും ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
താൻ ബിസിനസ് ചെയ്യുന്ന ആളാണ്. അതിൽ അഭിമാനം ഉണ്ട്. രാഷ്ട്രീയം ഉപജീവനം ആക്കരുത് എന്ന് പ്രവർത്തകരോട് പറയാറുണ്ട്. ജലീലിനോടും സ്വന്തം നിലക്ക് തൊഴിൽ ചെയ്യണം എന്നാണ് പറയാനുള്ളത്. ബിസിനസ്സിൽ പങ്കാളി ആക്കാൻ രാഷ്ട്രീയം നോക്കേണ്ട. വിദേശത്തുള്ള കമ്പനിയിൽ എത്ര ആൾ വേണം, എത്ര ശമ്പളം തരുന്നു എന്നതൊക്കെ കമ്പനിയുടെ സ്വകാര്യ കാര്യമാണ്. അതൊക്കെ എന്തിന് ജലീലിനോട് പറയണം.
ഫിറോസിന് റിവേഴ്‌സ് ഹവാല ഉണ്ട് എന്നതിൽ ജലീലിന് വ്യക്തത ഉണ്ടോ. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ ബിസിനസ് നടത്തിയില്ലെന്നും ഫിറോസ് പറഞ്ഞു. കൊപ്പം, ഹൈ ലൈറ്റ് മാൾ എന്നിവിടങ്ങളിൽ സ്ഥാപനം ഉണ്ട്. മറ്റു ബിസിനസും ഉണ്ട്. ദുബായിലെ കമ്പനിയിൽ നിന്നും ജലീൽ പറഞ്ഞ അത്ര ശമ്പളം കിട്ടുന്നില്ല. തനിക്ക് അമേരിക്കൻ, യുകെ ബിസിനസ് വിസ ഉണ്ട്. അവിടെയൊക്കെ ബിസിനസ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സർവകലാശാലയുടെ ഭൂമി ഇടപാടുമായി ജലീൽ നേരിട്ട് ബന്ധപ്പെട്ടു. നിർണായകമായ തെളിവുകൾ പുറത്ത് വിടുമെന്നും കോടി കണക്കിന് രൂപയുടെ അഴിമതി വിവരങ്ങൾ പുറത്ത് വരുമെന്നും ഫിറോസ് വ്യക്തമാക്കി. താൻ ബിസിനസ് നടത്തുന്നത് പാർട്ടിക്കറിയാം. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. ഭീഷണിപ്പെടുത്തുമെന്നതിനാലാണ് കമ്പനി ഉടമയെ പറയാത്തത്. തനിക്ക് നേരത്തേ ജോബ് കാർഡ് ഉണ്ടെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.




