മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയിൽ തെറ്റായ ദിശയിൽ കാർ ഓടിച്ച സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സംഭവം. പുതിയ ദേശീയപാത തുറന്നതിന് പിന്നാലെ മലപ്പുറത്ത് അപകടങ്ങൾ തുടർക്കഥയാകുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നിയമലംഘനം.
ദേശീയപാതയിലെ സ്പീഡ് ട്രാക്കിലൂടെ കാർ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഹോണ്ട ക്രെറ്റ വാഹനമാണ് നിയമലംഘനം നടത്തിയത്. വൻ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ നടപടി സ്വീകരിച്ചത്. മലപ്പുറം ദേശീയപാതയിൽ അപകടകരമായ രീതിയിൽ നിയമലംഘനം നടത്തിയ മറ്റൊരു ബസിനെതിരെയും കഴിഞ്ഞ ഞായറാഴ്ച നടപടി സ്വീകരിച്ചിരുന്നു.
കോട്ടയ്ക്കൽ സ്വാഗതമാടിൽ ആറുവരി ദേശീയപാതയിലാണ് സ്വകാര്യ കോൺട്രാക്ട് ക്യാരേജ് ബസ് അപകടകരമായ രീതിയിൽ റിവേഴ്സ് എടുത്തത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. എക്സിറ്റ് പോയിന്റ് കഴിഞ്ഞ് മുന്നോട്ട് പോയ ബസ് ദേശീയപാതയിൽ നിന്ന് പുറത്തിറങ്ങുന്നതിനായി റോഡിൽ തന്നെ റിവേഴ്സ് എടുക്കുകയായിരുന്നു. നാട്ടുകാർ സംഭവം ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ ബസ് ജീവനക്കാർ റിവേഴ്സ് എടുക്കുന്നത് നിർത്തി. സംഭവത്തിൽ കോട്ടയ്ക്കൽ പൊലീസും കേസെടുത്തിരുന്നു. പുതിയ ദേശീയപാതയിൽ വാഹനങ്ങൾ തെറ്റായ ദിശയിൽ ഓടിക്കുന്നതും അപകടകരമായ രീതിയിൽ റിവേഴ്സ് എടുക്കുന്നതും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്.




