സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും പ്രതീക്ഷിച്ച മഴ ലഭിക്കാത്തത് ആശങ്ക ഉയര്‍ത്തുകയാണ്. 14 ജില്ലകളില്‍ പത്തിടത്തും തീരെ കുറഞ്ഞ മഴയാണ് രേഖപ്പെടുത്തിയത്. മാസം പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഴയില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസവും ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാത്തതുമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമായതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ജൂണ്‍ അവസാന വാരത്തോടെ കാലവര്‍ഷം വീണ്ടും ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ വകുപ്പ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. നാളെ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. എന്നാല്‍ വ്യാഴാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും വിവിധ മേഖലകളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.




