തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഡിഎംകെ നേതൃത്വത്തെയും മുൻ സർക്കാരിനെയും രൂക്ഷമായി വിമർശിച്ച വിജയ്, സിനിമാ സ്റ്റൈലിൽ പറഞ്ഞ ‘കുട്ടിക്കഥ’യിലൂടെ സഭയുടെ ശ്രദ്ധ പിടിച്ചുപറ്റി.
കൊളത്തൂർ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വിജയിയുടെ പരാമർശം. “ഒരു ഗ്രാമത്തിൽ പ്രായമായ ഒരാൾ വെയിൽ തടയാൻ കണ്ണിന് മുകളിൽ കൈവെച്ച് ഒരാളെ തിരയുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി എന്താണ് അന്വേഷിക്കുന്നതെന്ന് ചോദിച്ചപ്പോൾ, നിന്റെ അച്ഛൻ ഇവിടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, പക്ഷേ കാണാനില്ലെന്ന് മറുപടി നൽകി” എന്നായിരുന്നു വിജയിയുടെ കുട്ടിക്കഥ. പ്രസംഗത്തിനിടെ ഭരണപക്ഷ അംഗങ്ങൾ ഡെസ്കിൽ അടിച്ച് പിന്തുണ പ്രകടിപ്പിച്ചു.
ടിവികെ സർക്കാർ ആരുടെയും ഔദാര്യത്തിലല്ല, ജനങ്ങളുടെ വ്യക്തമായ പിന്തുണയോടെയാണ് അധികാരത്തിലെത്തിയതെന്നും വിജയ് വ്യക്തമാക്കി. സിപിഐയും സിപിഎമ്മും തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങൾ സ്വതന്ത്രമായി എടുത്തതാണെന്നും അതിൽ മറ്റാർക്കും അവകാശവാദമുന്നയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അഴിമതികളിലും വിജയ് കടുത്ത നിലപാട് സ്വീകരിച്ചു. ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും, സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയവർക്കെതിരെ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേന്ദ്ര സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ചും വിജയ് നിലപാട് വ്യക്തമാക്കി. കേന്ദ്രത്തെ എല്ലാ വിഷയങ്ങളിലും എതിർക്കില്ലെങ്കിലും ആശയപരമായ ഭിന്നതകൾ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ വികസനവും സംസ്ഥാന അവകാശങ്ങളും സംരക്ഷിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ദ്വിഭാഷാ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ചും വിജയ് സംസാരിച്ചു. സാധാരണ നടനിൽ നിന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നത് തമിഴ് ജനതയുടെ പിന്തുണ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യാനോ അഴിമതിയിൽ ഏർപ്പെടാനോ തനിക്ക് അറിയില്ലെന്നും മുൻ സർക്കാരുകളെ പരോക്ഷമായി വിമർശിച്ച് വിജയ് പ്രസംഗം അവസാനിപ്പിച്ചു.




