ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ് എത്തി. ഉപയോക്താക്കളെ ത്രഡ്‌സിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആദ്യ പോസ്റ്റ് കുറിച്ചു.
മസ്‌കിന്റെ ട്വിറ്ററിന് സമാനമായ പ്ലാറ്റ്ഫോമാണ് ത്രെഡ്സ് എന്നാണ് നിലവിലെ വിലയിരുത്തല്‍. മെറ്റയുടെ തന്നെ ഫോട്ടോ-ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ത്രഡ്‌സ്. ട്വിറ്റര്‍ പോലെ ടെക്സ്റ്റ് ബേസ്ഡ് ആപ്പായിരിക്കും ത്രഡ്‌സ്. കൂടാതെ പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ത്രെഡ്സിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയത്. യുകെയിലെ ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളിലാണ് ആദ്യം ലഭ്യമാക്കി തുടങ്ങിയത്. ശേഷം അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങി 100ലധികം രാജ്യങ്ങളിലും ത്രെഡ്സ് ലഭ്യമാക്കിയിട്ടുണ്ട്.