കൊച്ചി: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ നടത്താമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇടുക്കി കുമളി സ്വദേശി പ്രിൻസ് എബ്രഹാമിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
പൂജയ്ക്കെന്ന പേരിൽ തൃശ്ശൂരിൽ നിന്ന് യുവതിയെ കൊണ്ടുപോയ ശേഷം ആലുവയിലെ ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 2024 മാർച്ച് 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പീഡന ദൃശ്യങ്ങൾ പകർത്തി യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും, ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയയ്ക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നും യുവതി നൽകിയ പരാതിയിലുണ്ട്. സംഭവത്തെ തുടർന്ന് കുടുംബവും ജോലിയും നഷ്ടപ്പെട്ട യുവതി പിന്നീട് ആലുവ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




