മലപ്പുറം: ഭരണരംഗത്തും പൊതുപ്രവർത്തനത്തിലും മികവ് തെളിയിച്ച ജനപ്രതിനിധികളെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ ‘കേരളീയം 2026’ പുരസ്കാരത്തിന് ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുരസ്കാരത്തിനായി തിരഞ്ഞെടുപ്പ് നടത്തിയതെന്ന് പ്രസിഡന്റ് അറിയിച്ചു.
നവംബർ ഒന്നിന് വൈകുന്നേരം 4.30ന് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. ഈ അംഗീകാരത്തെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും ആതവനാടിന്റെ വികസനത്തിനായി ഒരുമയോടെ പ്രവർത്തിച്ച ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിനുള്ള ആദരവായാണ് കാണുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ചുമതലയേറ്റെടുത്തതുമുതൽ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും നാടിന്റെ വികസനത്തിനും സാമൂഹികക്ഷേമത്തിനും മുൻഗണന നൽകിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയതെന്ന് പ്രസിഡന്റ് പറഞ്ഞു.
വെട്ടിച്ചിറ ടോൾ പ്ലാസയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ഗുരുതര രോഗികൾക്കും പഞ്ചായത്തിലെ എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കൂൾ വാഹനങ്ങൾക്കും സൗജന്യയാത്ര അനുവദിക്കുന്നതിനായി ശ്രമിക്കുകയും ചെയ്തു. ദേശീയപാത 66 നിർമാണത്തെ തുടർന്ന് വെട്ടിച്ചിറയിൽ ഓട്ടോ സ്റ്റാൻഡ് നഷ്ടമായ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനും പുത്തനത്താണി ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്നത് ഉറപ്പാക്കുന്നതിനും ഇടപെടൽ നടത്തി. ആതവനാട്ടിലേക്ക് കെഎസ്ആർടിസി ഗ്രാമവണ്ടി അനുവദിക്കുന്നതിനും നടപടികൾ സ്വീകരിച്ചു.
ആതവനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം, ഫിസിയോതെറാപ്പി സെന്റർ, കാവുങ്ങൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ തുടങ്ങിയ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബഡ്സ് സ്കൂളും ആരംഭിച്ചു. മുതിർന്ന പൗരന്മാർക്ക് മുൻഗണനാ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സീനിയർ കോർണറും സ്ഥാപിച്ചു. മുളക്കത്തൊടി എസ്.സി. ശ്മശാനത്തിന്റെ നിർമാണത്തിന് തുടക്കമിട്ടു.
ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഹരിതകർമസേനയുടെ യൂസർ ഫീസ് ഒഴിവാക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ജാഗ്രതാ സമിതിയുടെയും മലപ്പുറം ജില്ലാ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായി സ്വയംപ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. ‘ലഹരിവിമുക്ത ആതവനാട്’ എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
പഞ്ചായത്തിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി 15 സെന്റ് സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതിനായി ഇടപെടൽ നടത്തി. ഇതിനായി സ്ഥലം ലഭിച്ചതായും പ്രസിഡന്റ് അറിയിച്ചു. ‘മൺസൂൺ മത്സ്യസമൃദ്ധി–2026’ പദ്ധതിയുടെ ഭാഗമായി വിളവെടുപ്പ് ഉത്സവങ്ങളും സംഘടിപ്പിച്ചു. പരിതി–ചെമ്പിക്കൽ റോഡിലെ ക്വാറിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പരിഹരിക്കുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലെ അപകടത്തെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിനും നടപടികൾ സ്വീകരിച്ചു.
പഞ്ചായത്തിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. ഭൂമിയുടെ അമിതമായ ന്യായവില പുനർനിർണയിക്കണമെന്ന ആവശ്യം ജില്ലാ കളക്ടറുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി. റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളും മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിന്ന് വിവിധ വകുപ്പുകളുമായും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സഹകരിച്ചാണ് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ആതവനാടിന്റെ എല്ലാ പ്രദേശങ്ങളിലും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പുരസ്കാരം തന്നെ തിരഞ്ഞെടുത്ത 15-ാം വാർഡിലെ വോട്ടർമാർക്കും ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ച നേതൃത്വത്തിനും ഭരണസമിതിയിലെ സഹപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും സമർപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.




